Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് 30/12/2022 തീയതിൽ അജണ്ട വെച്ച് ചർച്ച ചെയ്ത് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് ലൈസൻസ് അനുവദിയ്ക്കേണ്ടായെന്ന് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പഞ്ചായത്ത് എടുത്ത ടി തീരുമാനം അംഗീകരിയ്ക്കാതെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് 05/01/2023 തീയതിയിൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചു. പഞ്ചായത്ത് എടുത്ത തീരുമാനത്തിനെതിരെ പ്രവർത്തിച്ച പഞ്ചായത്ത് സെക്രട്ടറിയോടും അപേക്ഷ ലഭിച്ചിട്ടും സമയബന്ധിതമായി നിയമപരമായ നടപടി സ്വീകരിയ്ക്കാത്ത മുൻ സെക്രട്ടറിയോടും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹർജിയിൻമേൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായപ്രകാരവും 03/01/2023 തീയതി ലഭിച്ച നിയമോപദേശ പ്രകാരവും 04/01/2023 തീയതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ച നടപടി യോഗം ചർച്ച ചെയ്തു. 30/12/2022 തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നിയമോപദേശം ലഭിയ്ക്കുന്ന മുറയ്ക്ക് തുടർന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് വേണ്ടുന്ന തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും മാത്രവുമല്ല ബഫർസോൺ വിഷയത്തിൽ കോടതി നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാലും കൂടാതെ ക്വാറി ലൈസൻസ് സംബന്ധിച്ച നിയമസാധുതയ്ക്ക് വ്യക്തതവരേണ്ടതിനാലും ആയത് വരെ ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്നും തീരുമാനിച്ചിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാൽ ടി തീരുമാനം അംഗീകരിയ്ക്കാതെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് സെക്രട്ടറി ലൈസൻസ് അനുവദിച്ച നടപടി കമ്മിറ്റിയുടെ മുൻ തീരുമാനത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി .കൂടാതെ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയ വിവരം സമയബന്ധിതമായി അപേക്ഷകനെ അറിയിക്കുന്നതിൽ ഉണ്ടായ വീഴ്ച്ചയും സബ്കമ്മിറ്റിയ്ക്കു മുന്നിൽ അപേക്ഷകനെ വിളിച്ചു വരുത്തി സംശയ നിവാരണം കൈക്കൊള്ളേണ്ട സെക്രട്ടറി പ്രസ്തുത ചുമതല നിർവ്വഹിച്ചതായും കാണുന്നില്ല. ഈ വീഴ്ച്ചയാണ് ഡീംഡ് ലൈസൻസ് അപേക്ഷകന് ലഭ്യമാകുന്നതിന് കാരണമായതായി മനസ്സിലാകുന്നത്. ആയതിനാൽ സെക്രട്ടറി ശ്രീമതി.മേബിൾ ഷീല . ജി – യോടും , നിലവിലെ സെക്രട്ടറി ഇൻ ചാർജ്ജ് ശ്രീ.ജോൺ.കെ.സ്റ്റീഫനോടും ഇതു സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. സെക്രട്ടറിയുടെ വിയോജന കുറിപ്പ് 26/07/2022 നാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പാറഖനനം ചെയ്യുന്നതിനുളള ലൈസൻസിനു വേണ്ടി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ പരിശോധിച്ചതിൽ PESO യിൽ നിന്നും കിട്ടേണ്ട നിരാക്ഷേപ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ നിന്നും അറിയിപ്പു നൽകുകയും 15/09/2022 ൽ പ്രസ്തുത നിരാക്ഷേപ സാക്ഷ്യപത്രം കമ്പനി ഹാജരാക്കുകയും ചെയ്തു. ഇക്കാലയളവിനുളളിൽ ലൈസൻസ് അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് 29/08/2022 ൽ കൂടിയ പഞ്ചായത്തു കമ്മിറ്റിയുടെ 3(1) നമ്പർ തീരുമാന പ്രകാരം പഞ്ചായത്ത് കമ്മിറ്റി ഒരു സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ലൈസൻസ് നൽകേണ്ട അന്തിമ തീയതിയായ 15/10/2022 വരെയോ നാളിതുവരെയോ ഈ സബ്കമ്മിറ്റിയുടെ റിപ്പോർട്ട് ലഭ്യമായില്ല. ഈ സാഹചര്യത്തിൽ 25/10/2022 ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി 7(1) നമ്പർ തീരുമാന പ്രകാരം സബ്കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി ലഭിച്ചില്ലായെന്ന് വിലയിരുത്തുകയും പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് ശക്തമായ പ്രതിക്ഷേധവും എതിർപ്പും പരാതിയും നിലനിൽക്കുന്നതിനാലും പാറക്വാറികൾ പ്രവർത്തിയ്ക്കുന്നതിനുളള ആകാശ ദൂരപരിധിയെ സംബന്ധിച്ച് പഞ്ചായത്തിന് പരിശോധിച്ച് നിയമപരമായ സാധുത മനസ്സിലാക്കേണ്ടതുളളതിനാലും ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്ന് യോഗം തീരുമാനിച്ചിരുന്നു. ഇപ്രകാരം കമ്പനിക്ക് 04/11/2022 ന് പഞ്ചായത്ത് നൽകിയ നോട്ടീസ് സമയബന്ധിതമല്ലാത്തതിനാൽ കോടതി പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്പനിക്ക് ഡീംഡ് ലൈസൻസ് ലഭ്യമാകുന്നതും ലൈസൻസ് പേപ്പറിൽ എഴുതി തയ്യാറാക്കി നൽകാൻ ബഹു.ഹൈക്കോടതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുളളതും . 26/12/2022 – ന് ലഭിച്ച ജഡ്ജ്മെൻറ് ബഹു.പഞ്ചായത്ത് പ്രസിഡൻറുമായിട്ട് ആലോചിച്ച് 30/12/2022 ന് പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കുകയും പഞ്ചായത്ത് കമ്മിറ്റി പ്രസ്തുത ലൈസൻസ് അനുവദിയ്ക്കാൻ കഴിയില്ലായെന്ന് തീരുമാനിച്ചപ്പോൾ ആയതിന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ എന്നുളള നിലയിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുളളതും പ്രസ്തുത കോടതി ഉത്തരവിൻമേൽ ഏതെങ്കിലും തരത്തിലുളള സ്റ്റേ ലഭിയ്ക്കാത്ത പക്ഷം കോടതി നിർദ്ദേശാനുസരണം ലൈസൻസ് നൽകേണ്ടി വരുമെന്ന വിവരം കമ്മിറ്റിയെ ധരിപ്പിച്ചിട്ടുളളതുമാണ്. മേൽ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസ്സിസ്സ്റ്റൻറ് സെക്രട്ടറിയ്ക്കുമെതിരെ നടപടി സ്വീകരിയ്ക്കുന്നതിനായി പഞ്ചായത്ത് എടുത്ത പ്രസ്തുത തീരുമാനത്തോട് വിയോജിക്കുന്നു. വിയോജന കുറിപ്പ് പഞ്ചായത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സഹകരണത്തോടെ നിന്ന് പ്രവർത്തിയ്ക്കുന്ന സെക്രട്ടറിമാർക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം ശരിയായില്ലായെന്നും ബഹു.ഹൈക്കോടതി ഉത്തരവ് അനുസരിയ്ക്കുക മാത്രമാണ് സെക്രട്ടറി ചെയ്തതെന്നും പാലൈക്കോണം വാർഡ് മെമ്പർ ശ്രീ.രാധാകൃഷ്ണൻ അഭിപ്രായപ്പെടുകയും ആയതിനാൽ സെക്രട്ടറിമാരോട് വിശദീകരണം ആവശ്യപ്പെട്ട നടപടിയോട് വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//