Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

21/02/2023 പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 276 - പ്രകാരം അപ്പീൽ അധികാരി എന്ന നിലയിൽ പഞ്ചായത്ത് കമ്മറ്റി കൂടി പഞ്ചായത്തിലെ കൊക്കോട്ടേല, മൈലമൂട് ക്വാറിയുടെ അനുമതിയെ സംബന്ധിച്ച് സബ്കമ്മിറ്റി നൽകിയ റിപ്പോർട്ട് പൂർണമായി ഐകകണ്ഠേന അംഗീകരിക്കുകയുണ്ടായി. അപ്പീൽ അപേക്ഷയിൽ മൈലമൂട് പാറസംരക്ഷണസമിതി പരാമർശിച്ച കാര്യങ്ങളിൽ സബ്കമ്മിറ്റിയുടെ കണ്ടെത്തലുകൾ വീണ്ടും ഈ കമ്മിറ്റി പൂർണമായും അംഗീകരിക്കുന്നു. കൊക്കോട്ടേല നിവാസികളുടെ ആവാസവ്യവസ്ഥയെയും, കൃഷിയെയും, സ്വൈരജീവിതത്തെയും തകർക്കുന്നതായിരിക്കും ക്വാറി പ്രവർത്തനം തുടങ്ങിയാൽ ഉണ്ടാവുക എന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. ക്വാറി സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തിൽ നിന്നും ഉത്ഭവിക്കുന്ന നാലു തോടുകൾ കൊക്കോട്ടേല പ്രദേശത്തെ കൃഷിയിടങ്ങളെ ജലസമ്പന്നമാക്കുന്നതിലെ പ്രധാന ഉറവിടങ്ങൾ ആണെന്ന് എല്ലാ അംഗങ്ങളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ സ്വകാര്യ വ്യക്തികൾ ഈ പാറയിൽ നടത്തിയ ഖനനത്തിനെ തുടർന്ന് സമീപവാസികളുടെ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ മെമ്പർമാരായ ശ്രീ. എം. എൽ. കിഷോറും, ശ്രീമതി. റീന സുന്ദരവും ചൂണ്ടിക്കാട്ടി. റവന്യൂവകുപ്പ് തയ്യാറാക്കിയ സർവ്വേ പ്ലാൻ പ്രകാരം സമീപവാസികളുടെ വീടുകളെ സംബന്ധിച്ചുള്ള അകലം തെറ്റാണെന്നും പലവീടുകളും 50 മീറ്ററിന് താഴെയാണെന്നും മെമ്പർമാർ ഐകകണ്ഠേന അഭിപ്രായപ്പെട്ടു. അവർ സ്ഥലം നേരിൽ സന്ദർശിച്ച് അളന്ന് നോക്കി ഇത് ബോധ്യപ്പെട്ടതായും അഭിപ്രായപ്പെട്ടു. തെറ്റായ സർവ്വേ പ്ലാൻ തയ്യാറാക്കിയ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.സർവ്വേ പ്ലാനിൽ ഗുരുതരമായ പോരായ്മകൾ ഉണ്ടെന്ന് സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട അംഗങ്ങൾ അഭിപ്രായപ്പെട്ടു. 100 മീറ്ററിനുള്ളിൽ സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ടാവുരുട്ടികുന്നില്‍ 1977 ഉരുൾപ്പൊട്ടലണ്ടായ സംഭവം സ്ഥലം സന്ദർശിച്ച് സമീപവാസികളിൽ നിന്നും വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ശരിയാണെന്ന് മെമ്പർ ശ്രീമതി. സനൂജ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്റെ 20/02/2014 തീയതിയിലെ HRMP No. 9140/13 നമ്പർ ഉത്തരവ് പ്രകാരം ഈ പാറയിൽ ക്വാറി പ്രവർത്തനം പാടില്ല എന്ന നിർദ്ദേശം പാലിക്കപ്പെടേണ്ടതാണെന്നും ആ ഉത്തരവ് ലംഘിക്കേണ്ട ഒരു സാഹചര്യവും പുതുതായി അവിടെ ഉണ്ടായിട്ടില്ല എന്നും അംഗങ്ങൾ ഐകകണ്ഠേന അഭിപ്രായപ്പെട്ടു ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ-14, ആർട്ടിക്കിൾ-21 പ്രകാരമുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് പാറക്വാറി അനുമതി നൽകുന്നതിലൂടെ ഉണ്ടാകുന്നതെന്ന പരാതിക്കാരുടെ വാദം തികച്ചും ശരിയാണെന്ന് കമ്മിറ്റി ഐകകണ്ഠേന അഭിപ്രായപ്പെട്ടു. ശ്രീമതി. പത്മാവതിയമ്മയുടെ വീട് സർവ്വേ പ്രകാരം 51 മീറ്റർ അകലത്തിലാണെന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഹാജരായവരുടെ വാദം തെറ്റാണെന്ന് സബ്കമ്മിറ്റി അംഗങ്ങൾ നേരിട്ട് പോയി ബോധ്യപ്പെട്ട് കണ്ടെത്തിയത് ഈ കമ്മിറ്റി പൂർണമായും അംഗീകരിക്കുന്നു. മേൽ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 05/01/2023 തീയതിയിൽ JC3-83/2023 നമ്പർ പ്രകാരം സെക്രട്ടറി അദാനി വിഴിഞ്ഞം പോര്‍ട്ട് ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന് മൈലമൂട് പാറഖനനം ചെയ്യുന്നതിന് നൽകിയ ലൈസൻസ് കമ്മിറ്റി ഇതിനാൽ ഐകകണ്ഠേന റദ്ദ് ചെയ്യുന്നു. ഈ തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുന്നതിന് പ്രസിഡന്റിനെ ഈ കമ്മിറ്റി ഐകകണ്ഠേന ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//